This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈനീസ് കമ്യൂണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൈനീസ് കമ്യൂണ്‍

വിപ്ലവാനന്തര ചൈനയിലെ ഒരു കാര്‍ഷിക കൂട്ടായ്മാ സമ്പ്രദായം. 1949-ലെ ചൈനീസ് വിപ്ലവത്തെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി, കാര്‍ഷിക-ഗ്രാമീണ മേഖലയില്‍ ഏര്‍പ്പെടുത്തിയ സുപ്രധാനമായ ഒരു പരിഷ്കാരമാണ് കമ്യൂണ്‍ സമ്പ്രദായം. കാര്‍ഷിക മേഖലയിലെ അടിസ്ഥാന ഭരണ-ഉത്പാദന ഘടകമായ കമ്യൂണ്‍ പല കാര്‍ഷിക കുടുംബങ്ങളും ഒന്നിലധികം ഗ്രാമങ്ങളും അടങ്ങിയതാണ്. ഓരോ കമ്യൂണിനെയും വിവിധ ഉത്പാദന സംഘങ്ങളായി വിഭജിക്കുന്നു. ഈ സംഘങ്ങളുടെ മേല്‍നോട്ടത്തിലാണ് ഉത്പാദനം നടക്കുന്നത്. പരമ്പരാഗത ചൈനയിലെ അടിസ്ഥാന ഉത്പാദനഘടകം കുടുംബമായിരുന്നു. കമ്യൂണ്‍ സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടെ കുടുംബത്തിന്റെ പ്രാമുഖ്യം നഷ്ടപ്പെട്ടു. ഓരോ കുടുംബത്തിനുമുണ്ടായിരുന്ന ഭൂമിയുടെ നിയമപരമായ അവകാശം കമ്യൂണുകളില്‍ നിക്ഷിപ്തമായി. എന്തൊക്കെ ഉത്പാദിപ്പിക്കണം, ഉത്പന്നങ്ങള്‍ എങ്ങനെ വിതരണം ചെയ്യണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം കുടുംബങ്ങള്‍ക്കു നഷ്ടമായി. ഒരു സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ ഘടകം എന്ന സ്ഥാനമാണ് ക്രമേണ കമ്യൂണുകള്‍ക്കു ലഭിച്ചത്. ഇതിന്റെ ഫലമായി രക്തബന്ധമുള്ളവരുടെ ഒരു വൈകാരിക പാരസ്പര്യം മാത്രമായി കുടുംബം ചുരുങ്ങി.

എന്നാല്‍ കമ്യൂണിസ്റ്റുപാര്‍ട്ടി വിഭാവന ചെയ്ത പുരോഗതി കമ്യൂണ്‍ സമ്പ്രദായത്തിനുണ്ടാക്കാന്‍ കഴിഞ്ഞില്ല. വ്യക്തികളുടെ മുന്‍കൈയും പ്രചോദനവും നഷ്ടപ്പെട്ടതിനാല്‍ കാര്‍ഷികോത്പാദനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. 1979-ല്‍ ഡെങ് സിയാവോ ചെങ് ആവിഷ്കരിച്ച പുതിയ സാമ്പത്തിക പരിഷ്കാര നടപടികളുടെ ഭാഗമായി, കമ്യൂണ്‍ സമ്പ്രദായം നിര്‍ത്തലാക്കി. കാര്‍ഷിക ഉത്പാദനത്തിനും വിതരണത്തിനുമുള്ള അവകാശം കുടുംബങ്ങള്‍ക്കു നല്കുകയും ചെയ്തു. കുടുംബ ഉത്തരവാദിത്തസംവിധാനം (household responsibility system) എന്നാണ് ഈ പുതിയ പരിഷ്കാരം അറിയപ്പെടുന്നത്. ചൈനീസ് കാര്‍ഷിക മേഖലയില്‍ അദ്ഭുതാവഹമായ പുരോഗതി ഈ പരിഷ്കാരങ്ങള്‍ കൊണ്ടുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍